93 വയസ്സുള്ള അമ്മയെ അഗതിമന്ദിരത്തിലാക്കി മൂത്തമകൻ; നിയമപോരാട്ടത്തിലൂടെ വീണ്ടെടുത്ത് ഇളയമകന്‍.!

വൃദ്ധയായതോടെ സംരക്ഷണം ബാധ്യതയാകുമെന്ന് കരുതി 90 പിന്നിട്ട വൃദ്ധമാതാവിനെ അഗതി മന്ദിരത്തിൽ തള്ളി മക്കളിലൊരാൾ, സംരക്ഷണം ഏറ്റെടുത്ത് വീട്ടിലേക്കു കൂട്ടി മറ്റൊരു മകന്റെ നന്മ. ഒന്നര വർഷത്തിനു ശേഷമാണ് തഴക്കര ഇറവങ്കര പണയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മ(93) യ്ക്ക് അഗതി മന്ദിരത്തിൽ നിന്നും മോചനം സാധ്യമായത്. മക്കളിൽ ഒരാൾ അഗതിമന്ദിരത്തിലാക്കുകയായിരുന്നു. പിന്നീട് മറ്റൊരാൾ നിയമപോരാട്ടങ്ങളിലൂടെ അമ്മയെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.

വിദേശത്തു ജോലിയുള്ള സാമ്പത്തികമായി അടിത്തറയുള്ള മകനാണ് കൊല്ലം കരുനാഗപ്പള്ളിക്ക് അടുത്തുള്ള അഗതി മന്ദിരത്തിൽ മറ്റു ബന്ധുക്കളെ ഒന്നും അറിയിക്കാതെ ഭാർഗവിയമ്മയെ പ്രവേശിപ്പിച്ചത്. ബന്ധുക്കളുമായി ഈ മകന് അടുത്ത ബന്ധമൊന്നും ഇല്ലാതിരുന്നതിനാൽ ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന ഭാർഗവിയമ്മയെ കരുനാഗപ്പള്ളിയിലെ കേന്ദ്രത്തിൽ ആക്കിയ വിവരം മറ്റു മക്കളും അറിഞ്ഞില്ല. പിന്നീട് ഭാർഗവിയമ്മയുടെ മകനായ ഇറവങ്കര ചൈത്രം വീട്ടിൽ വിനയ് ബാബു സുഹൃത്ത് മുഖേനെയാണു സഹോദരൻ അമ്മയെ ഉപേക്ഷിച്ച വിവരം അറിഞ്ഞത്.

പിന്നീട് അമ്മയെ കണ്ടെത്താനായി നിരവധി വയോജന കേന്ദ്രങ്ങളിലും അനാഥ മന്ദിരങ്ങളിലും വിനയ്ബാബു തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒന്നരമാസം മുൻപു വവ്വാക്കാവിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയൽവാസി കരുനാഗപ്പള്ളിയിലെ മന്ദിരം സന്ദർശിച്ചു. അവിചാരിതമായി ഭാർഗവിയമ്മയെ കണ്ടു വിനയ് ബാബുവിനെ വിവരമറിയിച്ചു.

തുടർന്ന് ഇവിടെയെത്തിയ വിനയ് ബാബുവിനൊപ്പം അമ്മയെ അയയ്ക്കാൻ നിയമപ്രശ്‌നം മൂലം സ്ഥാപന അധികൃതർക്കായില്ല. പ്രശ്‌നം ചൂണ്ടിക്കാട്ടി വിനയ്ബാബു മാവേലിക്കര തഹസിൽദാർ എസ് സന്തോഷ്‌കുമാറിനു പരാതി നൽകി. ഒന്നര മാസം നീണ്ട നിയമ നടപടികൾക്കൊടുവിൽ ഭാർഗവിയമ്മയെ ഇളയമകനായ വിനയ്ബാബുവിനൊപ്പം അയയ്ക്കാൻ ചെങ്ങന്നൂർ ആർഡിഒ ഉത്തരവായി. ഇന്നലെ വൈകിട്ടു ചെങ്ങന്നൂർ ആർഡിഒ ജി ഉഷാകുമാരി, മാവേലിക്കര തഹസിൽദാർ എസ് സന്തോഷ്‌കുമാർ, ഭൂരേഖ തഹസിൽദാർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗതി മന്ദിരത്തിൽ നിന്നും ഭാർഗവിയമ്മയെ വീട്ടിലെത്തിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*