ഒന്നു കണ്ടാൽ മതി, കൊഞ്ചിക്കാനും സെൽഫിയെടുക്കാനും മത്സരം; ആരാധകരുടെ മനംകവർന്ന് പാറുക്കുട്ടി!

ഇന്ന് മലയാളത്തിൽ ഫാൻസ്‌ ക്ലബുള്ള ഒരേയൊരു കുട്ടിത്താരമായിരിക്കും ഉപ്പും മുളകും സീരിയലിലെ പാറുക്കുട്ടി. അച്ഛൻ ബാലുവിന്റെയും അമ്മ നീലുവിന്റെയും കുസൃതി കുറുമ്പിയായാണ് പാറുക്കുട്ടി ആരാധകരെ കയ്യിലെടുത്തത്. ഒരു വയസ്സുകാരിയായ ഈ സുന്ദരിക്കുട്ടിയെ കാണാൻ വേണ്ടി മാത്രം സീരിയൽ വയ്ക്കുന്നവരുമുണ്ട്. മുതിർന്നവർ മാത്രമല്ല, യുവ തലമുറയിൽപെട്ടവരും പാറുക്കുട്ടിയുടെ കട്ട ഫാൻസാണ്. യൂട്യുബിലും പാറുക്കുട്ടിയുടെ വിഡിയോസിന് നിരവധി ആരാധകരാണ്.

കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ജനിച്ച് നാലാം മാസം മുതൽ ’ഉപ്പും മുളകും’ സീരിയലിൽ അഭിനയിച്ചു തുടങ്ങി. മാസങ്ങൾക്ക് മുൻപാണ് പാറുക്കുട്ടിയുടെ ഒന്നാം പിറന്നാൾ ഉപ്പും മുളകും സെറ്റിൽ വച്ച് ഗംഭീരമായി ആഘോഷിച്ചത്. പാറുക്കുട്ടിയെ വീട്ടിൽ അച്ഛനും അമ്മയും വിളിച്ചിരുന്നത് ചക്കിയെന്നാണ്. എന്നാൽ പാറുക്കുട്ടി ആരാധകരുടെ ഇഷ്ടതാരമായതോടെ വീട്ടിലെ ചക്കിയെന്ന വിളിപ്പേര് മാറ്റി. ഇപ്പോൾ വീട്ടിലും അമേയ പാറുക്കുട്ടിയാണെന്ന് അമ്മ ഗംഗലക്ഷ്മി പറയുന്നു. പാറുക്കുട്ടിയ്ക്ക് അനിഘയെന്ന ഒരു ചേച്ചിയുണ്ട്, യുകെജി വിദ്യാർത്ഥിനിയാണ്.

പാറുക്കുട്ടിയ്‌ക്കൊപ്പം അമ്മ ഗംഗാലക്ഷ്മി, ചേച്ചി അനിഘ

ഗംഗാലക്ഷ്മിയുടെ സഹോദരന്റെ ഒരു സുഹൃത്ത് വഴിയാണ് പാറുക്കുട്ടി ഉപ്പും മുളകും സീരിയലിൽ എത്തുന്നത്. ആറു മാസം പ്രായമുള്ള കുഞ്ഞിനെ ആവശ്യമുണ്ടെന്ന ഓഡിഷൻ കോൾ കണ്ടതോടെ അമേയയെയും കൂട്ടി മാതാപിതാക്കൾ കൊച്ചിയിലെത്തി. അവിടെവച്ച് ഓഡിഷൻ കഴിഞ്ഞു. പിന്നെയും ഒരു മാസം കൂടി കാത്തിരുന്നതിന് ശേഷമാണ് അമേയ പാറുക്കുട്ടിയായി തിരഞ്ഞെടുക്കപ്പെട്ടെന്ന് അറിയിച്ചു കൊണ്ടുള്ള കോൾ വന്നത്.

നാലു മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ആദ്യ എപ്പിസോഡിൽ അഭിനയിക്കുന്നത്. എല്ലാവരോടും വളരെ പെട്ടെന്ന് തന്നെ അവൾ ഇണങ്ങി. കൊച്ചിയിലാണ് സീരിയലിന്റെ ഷൂട്ടിങ് നടക്കുക. മാസത്തിൽ 15 ദിവസം പാറുക്കുട്ടിക്ക് ഷൂട്ടിങ്ങുണ്ട്. അതുകഴിഞ്ഞ് പ്രയാറിലെ വീട്ടിലേക്ക് മടക്കം. ഇപ്പോൾ ആളുകൾക്കിടയിൽ സൂപ്പർതാരമാണ് പാറുക്കുട്ടി. എവിടെ പോയാലും പാറുക്കുട്ടിയെ കണ്ടാൽ ആളുകൾ തിരിച്ചറിയും. പിന്നെ ഓടിവന്ന് അവളെ കൊഞ്ചിക്കാനും ഒന്ന് തലോടാനും സെൽഫിയെടുക്കാനുമൊക്കെ ആരാധരുടെ തിരക്കാണ്. കടപ്പാട് : വനിത

Be the first to comment

Leave a Reply

Your email address will not be published.


*