ആദരിക്കല്‍ ചടങ്ങിന് ഇനി ഫലകങ്ങള്‍ വേണ്ട; അരിയോ, പച്ചക്കറിയോ നല്‍കിയാല്‍ അനാഥാലയങ്ങള്‍ക്ക് എത്തിച്ച് നല്‍കും: വിപ്ലവകരമായ തീരുമാനവുമായി ധര്‍മ്മജന്‍

തന്നെ ആദരിക്കാന്‍ വിളിക്കുന്നവര്‍ ഫലകങ്ങള്‍ക്ക് പകരം അരിയോ, പച്ചക്കറിയോ നല്‍കിയാല്‍ മതിയെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഫലകള്‍ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെന്നും, ഭക്ഷണ സാധനങ്ങള്‍ നല്‍കിയാല്‍ അത് ആവശ്യക്കാരിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.

തന്റേത് ചെറിയ വീടായതിനാല്‍ ആദരിക്കല്‍ ചടങ്ങിലൂടെ ലഭിച്ച ഫലകങ്ങളെല്ലാം സൂക്ഷിക്കാന്‍ ഇടം ലഭിക്കുന്നില്ല. ഇവയെല്ലാം സൂക്ഷിക്കാന്‍ ഒടുവില്‍ 40,000 രൂപ ചെലവഴിച്ച് ഒരു അലമാര വാങ്ങേണ്ടി വന്നു. ഇതിനും തികയാതെ വന്നതോടെ ഇപ്പോള്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിക്കുന്നത്.

ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഫലകങ്ങള്‍ വേണ്ടയെന്ന് വെക്കുകയാണെന്നും, ഇനിയാരെങ്കിലും ആദരിക്കാന്‍ വിളിച്ചാല്‍ ദയവായി അരി വാങ്ങി നല്‍കിയാല്‍ മതിയെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടു. വിശപ്പാണ് ഒരു മനുഷ്യന്റെ പരിഹരിക്കപ്പെടേണ്ടതായ ആവശ്യം. അനാഥാലയങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, വീടുകള്‍ക്കും ഭക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇത് നിരവധിയാളുകള്‍ക്ക് ഉപകാരപ്രദമാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*