രാത്രി ഏറെ വൈകിയതിനാല്‍ പിറവം മുല്ലൂര്‍പടിയില്‍ നിര്‍ത്തുമോ എന്ന് ഡ്രൈവറോട് ചോദിച്ചു

ബസ് സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയ സംഭവത്തില്‍ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍.പ്രവീണ്‍ (43) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജില്‍സ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനി പഠിക്കുന്ന എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ ഇന്നലെ ഉച്ചയോടെ സത്യഗ്രഹം ആരംഭിച്ചിരുന്നു.

മാനേജര്‍ പി.സി. ചിന്നക്കുട്ടി, പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ്, അധ്യാപനായ സൈബി സി. കുര്യന്‍, പിടിഎ പ്രസിഡന്റ് സി.പി. ടൈറ്റസ് തുടങ്ങിയവര്‍ക്കൊപ്പം അധ്യാപികമാരടക്കമുള്ളവരും പങ്കെടുത്തു. ഇതിനെ തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത് എന്ന് പിറവം സബ് ഇന്‍സ്പെക്ടര്‍ വി.ഡി റെജിരാജ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ 12 ന് ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു മുന്നോടിയായി കുടുംബക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങുകയായിരുന്ന പിറവം സ്വദേശിനിയായ 10-ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് വൈറ്റില-സീതത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസില്‍ വച്ച്ദുരനുഭവമുണ്ടായത്. മല്ലപ്പള്ളിയിലുള്ള ക്ഷേത്രത്തില്‍ അമ്മയ്‌ക്കൊപ്പം ദര്‍ശനം നടത്തി തിരികെ വരികയായിരുന്നു വിദ്യാര്‍ത്ഥിനി.

സമയം രാത്രി ഏറെ വൈകിയതിനാല്‍ പിറവം മുല്ലൂര്‍പടിയില്‍ നിര്‍ത്തുമോ എന്ന് ഡ്രൈവറോട് ചോദിച്ചു. കണ്ടക്ടര്‍ പറഞ്ഞാല്‍ ബസ് നിര്‍ത്താം എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. അതിന്‍ പ്രകാരം സ്റ്റോപ്പില്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ കൂട്ടാക്കാതെ ഡബിള്‍ ബല്ലടിച്ചു. ജയില്‍ പടി ജംഗ്ഷനിലെത്തിയപ്പോഴും നിര്‍ത്താന്‍ പറഞ്ഞെങ്കിലും വീണ്ടും ഡബിള്‍ ബല്ലടിച്ചു വിട്ടു. എല്ലാ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും നിര്‍ത്താറുള്ള സ്റ്റോപ്പായിട്ടും ബസ് നിര്‍ത്താതിരുന്നതോടെ യാത്രക്കാര്‍ ബഹളം വച്ചു.

ഇതോടെ കെ.എസ്.ഇബി യുടെ അടുത്ത് പോസ്റ്റോഫീസ് ജംഗ്ഷനില്‍ ഒടുവില്‍ വണ്ടി നിര്‍ത്തി. അപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മ കണ്ടക്ടറോട് നിങ്ങള്‍ എന്ത് മനുഷ്യത്വമില്ലാതെയാണ് പെരുമാറിയത്. ഞങ്ങള്‍ രണ്ടു പെണ്ണുങ്ങളല്ലേ. രാത്രിയില്‍ ഈ കുട്ടിയുമായി രണ്ടു കിലോമീറ്ററോളം പുറകോട്ട് ഒറ്റയ്ക്ക് നടക്കണ്ടേ എന്ന് ചോദിച്ചു. പേടിയാണെങ്കില്‍ നീ നിന്റെ കെട്ടിയോനെ കൂടി കൂട്ടിക്കണ്ട് നടക്കടീ എന്ന് പറയുകയും ഇതിനിടയിലുണ്ടായ വാക്കു തര്‍ക്കത്തില്‍ പെണ്‍കുട്ടിയുടെ മുഖത്തേക്ക് രണ്ട് തവണ കാര്‍ക്കിച്ച് തുപ്പുകയുമായിരുന്നു. മുളന്തുരുത്തി തുരുത്തിക്കരയില്‍ നിന്നാണു മാതാവിനൊപ്പം വിദ്യാര്‍ഥിനി ബസില്‍ കയറിയത്.

പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി എടുത്ത ശേഷമാണ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അതേ സമയം പാലാ ഡിപ്പോയില്‍ പരാതി ലഭിച്ചപ്പോള്‍ തന്നെ എ.ടി.ഒ ഷിബു വിവരം ചീഫ് ഓഫീസില്‍ അറിയിക്കുകയും വിശദമായ അന്വേഷണം നടത്തണമെന്നാവസ്യപ്പെടുരയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി കോട്ടയം വിജിലന്‍സ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പരാതിക്കാരിയായ പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി എടുത്തിരുന്നു. എന്നാല്‍ പോലീസ് കേസെടുത്തിട്ടും മൂന്ന് ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതോടെയാണ് നഗരസഭാ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്റെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. ഇതോടയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രാത്രി യാത്രയില്‍ സ്ത്രീകള്‍ പറയുന്ന സ്ഥലത്ത് ബസ് നിര്‍ത്തി കൊടുക്കണമെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് കണ്ടക്ടറുടെ ഈ പ്രവര്‍ത്തി. സ്ത്രീകള്‍ ആവശ്യപെടുന്നപക്ഷം വൈകിട്ട് ആറര കഴിഞ്ഞ് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസുകള്‍ നിര്‍ത്തി ഇറങ്ങാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതിനായി വേണ്ടത്ര സമയം ബസ് ജീവനക്കാര്‍ ചിലവഴിക്കണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. നിയമസഭാ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

ഫലത്തില്‍ രാത്രി ആറര കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ബസ് സ്റ്റോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മറ്റ് ഒട്ടേറെ നിര്‍ദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.സംസ്ഥാനത്തെ എല്ലാ ബസുകളിലെയും കണ്ടക്ടര്‍മാര്‍ സ്ത്രീപീഡനത്തിന് എതിരെ പരാതിപ്പെടാനുള്ള അപേക്ഷ കൈവശം വയ്ക്കണം.

ആവശ്യമെങ്കില്‍ പരാതിക്കാരായ സ്ത്രീകളില്‍നിന്നും കണ്ടക്ടര്‍ പരാതി എഴുതിവാങ്ങി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നല്‍കണം. എല്ലാ ബസുകളിലും ചൈല്‍ഡ് ലൈന്‍, സ്ത്രീ സുരക്ഷയ്ക്കുള്ള ഹെല്‍പ് ലൈന്‍, ആര്‍.ഡി.ഒ എന്നിവരുടെ ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കണം. സ്വകാര്യ ബസാണെങ്കില്‍ ഉടമയുടെ നമ്പര്‍ എന്നിവ മുമ്പിലും പുറകിലും രജിസ്ട്രേഷന്‍ നമ്പരിന് അടുത്തായി പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*