ഹെൽമെറ്റും സുരക്ഷ ജാക്കറ്റും ധരിച്ച് ബൈക്ക് ഓടിക്കുന്നത് കുറ്റകരമാണോ സാര്‍ ?…

വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്യുന്നത് ഇരുചക്രവാഹനത്തിലെ യാത്രക്കാരാണ്. മതിയായ സുരക്ഷ ക്രമീകരണങ്ങളില്ലാത്ത ബൈക്ക് യാത്രയും അമിത വേഗവും ചിലപ്പോഴൊക്കെ മറ്റു വാഹനങ്ങളുടെ പിഴവുമൂലവുമാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടാറ്. അമിത വേഗത്തില്‍ ഓടിക്കുന്ന ബൈക്കിന് ചിലപ്പോഴൊക്കെ നിയന്ത്രണം നഷ്ടപ്പെടുകയും കാല്‍നടക്കാര്‍ക്ക് വരെ ഭീഷണി ഉയര്‍ത്തുകയും ചെയ്യാറുണ്ട്.

കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ഹൈദരാബാദ് ഹൈവേയില്‍ സംഭവം അത്തരത്തിലൊന്നായിരുന്നു. അമിത വേഗത്തില്‍ വന്നൊരു ബൈക്കിടിച്ച് പതിനൊന്നു വയസുകാരിയാണ് മരിച്ചത്. എന്നാല്‍ അതേ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ അതുവഴി വന്ന നിരവധി ബൈക്കുകളാണ് തല്ലിതകര്‍ത്തത്. ഒരാള്‍ ചെയ്ത തെറ്റിന് ട്രാഫിക്ക് നിയമം പാലിച്ച് വാഹനമോടിക്കുന്നവരെയെല്ലാം ക്രൂശിക്കേണ്ടതുണ്ടോ എന്നാണ് റൈഡര്‍മാർ ഒന്നടങ്കം ചോദിക്കുന്ന ചോദ്യം. ചില ആളുകളുടെ പ്രവർത്തിയ്ക്ക് സുരക്ഷിതമായി വാഹനമോടിക്കുന്ന മറ്റുള്ളവരെ എന്തിന് ക്രൂശിക്കണം.

ഹെൽമെറ്റും സുരക്ഷ ജാക്കറ്റും ധരിച്ച് വില കൂടിയ ബൈക്കുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണോ എന്നാണ് ബൈക്ക് റൈഡർമാരുടെ ചോദ്യം. അപകടം നടന്ന സ്ഥലത്ത് അതിനു ശേഷം ഹെൽമെറ്റും മറ്റു സുരക്ഷ ഉപാധികളൊന്നും ധരിക്കാതെ, വൺവേയിൽ നിയമം ലംഘിച്ച് എതിരെ വാഹനമോടിക്കുന്ന ആളുടെ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അമിത വേഗത്തിൽ ഹെൽമെറ്റ് ധരിക്കാതെ വൺവെ തെറ്റിച്ച് ഹൈവേയിലൂടെ പോകുന്ന ആ ബൈക്ക് ഞങ്ങളെയും മറ്റുവാഹനങ്ങളേയും ഇടിക്കാതെ പോയത് ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് ഇവർ പറയുന്നത്. ഇടിച്ചിരുന്നെങ്കിൽ നാട്ടുകാർ തങ്ങളുടെ നേരെ തിരിഞ്ഞേനെ എന്നും പറയുന്നു. നിയമം ലംഘിച്ചത് ആരാണെങ്കിലും വേണ്ടില്ല, ഹെൽമെറ്റും സുരക്ഷ ജാക്കറ്റും ധരിച്ച് വില കൂടിയ ബൈക്കുകള്‍ ഓടിച്ചാൽ അവരാണ് കുറ്റക്കാർ. അപകടത്തിൽ പെട്ടത് ആ നാട്ടുകാരൻ ആണെങ്കിൽ പിന്നെ പറയുകയും വേണ്ടെന്നാണ് റൈഡർമാർ സ്വന്തം അനുഭവത്തെ മുൻ നിർത്തി പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*